ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഒരു പ്ലാറ്റഫോം എന്നതിൽ കവിഞ്ഞ് പണം സമ്പാദിക്കാനുള്ള ശക്തമായ ഒരു ഉപകരണമായി സോഷ്യൽ മീഡിയ പരിണമിച്ചിരിക്കുന്നു. നിങ്ങൾക്ക് സൈഡ് ബിസിനസ്സായി വരുമാനം ഉണ്ടാക്കാനോ ഒരു മുഴുവൻ സമയ കരിയർ നിർമിക്കാനോ കഴിയുന്ന നിരവധി മാർഗങ്ങൾ സോഷ്യൽ മീഡിയ ഇന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പോസ്റ്റിൽ, ഏറ്റവും ലാഭകരമായ പ്ലാറ്റ്‌ഫോമുകളിലൊന്നായ YouTube- കൂടാതെ മറ്റു പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുൾപ്പെടെ പണം സമ്പാദിക്കാനുള്ള വ്യത്യസ്ത വഴികളാണ് പരിചയപ്പെടുത്തുന്നത്.
എന്തുകൊണ്ടാണ് സോഷ്യൽ മീഡിയ മികച്ച വരുമാന മാർഗമാകുന്നത് ?
സോഷ്യൽ മീഡിയ നിങ്ങളെ ദശലക്ഷക്കണക്കിന് ആളുകളുമായി ബന്ധിപ്പിക്കുന്നു. നിങ്ങൾക്ക് നിലവാരമുള്ള കോൺടെന്റ് സൃഷ്‌ടിക്കാനും ഒരു കൂട്ടം പ്രേക്ഷകരിലേക്ക് അതെത്തിക്കാനും അവർക്ക് താത്പര്യമുള്ള എന്തെങ്കിലും (കോമഡി, പൊളിറ്റിക്സ്, പേർസണൽ ഫിനാൻസ്, കുക്കിങ് തുടങ്ങിയവ) സ്ഥിരമായി നൽകാനും കഴിയുമെങ്കിൽ, ബ്രാൻഡുകളും പരസ്യദാതാക്കളും നിങ്ങളിലൂടെ അവരിലേക്ക് എത്താൻ പണം നൽകും. കൂടാതെ, ഈ പ്ലാറ്റ്‌ഫോമുകൾ തന്നെ നിങ്ങൾക്ക് പണം സമ്പാദിക്കാനുള്ള മറ്റു വഴികൾ നേരിട്ട് വാഗ്ദാനം ചെയ്യുന്നുമുണ്ട്.
YouTube-ൽ നിന്ന് എങ്ങനെ പണം സമ്പാദിക്കാം
നല്ല വരുമാനം നേടാനാഗ്രഹിക്കുന്ന ഡിജിറ്റൽ കോൺടെന്റ് നിർമാതാക്കൾക്കുള്ള മികച്ച പ്ലാറ്റ്‌ഫോമുകളിലൊന്നായി YouTube വേറിട്ടുനിൽക്കുന്നു. നിങ്ങളുടെ YouTube അഭിനിവേശം ലാഭമാക്കി മാറ്റാൻ എളുപ്പത്തിലുള്ള വഴികൾ ഏതെല്ലാമെന്ന് പരിശോധിക്കാം:
1. YouTube പാർട്ണർ പ്രോഗ്രാമിൽ (YPP) ചേരുക
നിങ്ങളുടെ വീഡിയോകളിൽ യൂട്യൂബ് തന്നെ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിലൂടെ പണം സമ്പാദിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു പാർട്ണർ പ്രോഗ്രാം YouTube വാഗ്ദാനം ചെയ്യുന്നു. പ്രോഗ്രാമിന് യോഗ്യത നേടുന്നതിന്, നിങ്ങൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്:
– കുറഞ്ഞത് 1,000 വരിക്കാർ(subscribers).
– കഴിഞ്ഞ 12 മാസത്തിനിടയിൽ 4,000 വീക്ഷണ സമയം(watch hours) അല്ലെങ്കിൽ കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ YouTube ഷോർട്ട്സിൽ 10 ദശലക്ഷം കാഴ്‌ചകൾ (10 million views).
ഈ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് പാർട്ണർ പ്രോഗ്രാമിനായി അപേക്ഷിക്കാം. അംഗീകരം കിട്ടി കഴിഞ്ഞാൽ, YouTube നിങ്ങളുടെ വീഡിയോകളിൽ പരസ്യങ്ങൾ കാണിക്കാൻ തുടങ്ങുകയും, നിങ്ങൾക്ക് പരസ്യ വരുമാനത്തിൻ്റെ നിശ്ചിത ശതമാനം ലഭിക്കുകയും ചെയ്യും.
-യൂട്യൂബിലൂടെ നിങ്ങൾക്ക് എത്രത്തോളം പണം ഉണ്ടാക്കാം?
ഇത് നിങ്ങളുടെ വീഡിയോകൾ എത്ര പേർ കാണുന്നു, കാണിക്കുന്ന പരസ്യങ്ങൾ ഏത് തരതിലുള്ളതാണ് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു. മിക്ക കോൺടെന്റ് നിർമാതാക്കളും ഓരോ 1000 കാഴ്‌ചകളിലും $1(83 രൂപ) മുതൽ $5 (415 രൂപ) വരെ സമ്പാദിക്കുന്നു. ഇനിപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ച് യഥാർത്ഥ വരുമാന സംഖ്യ വ്യത്യാസപ്പെടാം:
– കൊണ്ടെന്റിന്റെ ശൈലി : ചില കണ്ടെന്റുകൾ (ഉദാ. സാമ്പത്തികമോ സാങ്കേതികവിദ്യയോ) ഉയർന്ന പ്രതിഫലം ലഭിക്കുന്ന പരസ്യങ്ങളെ ആകർഷിക്കുന്നു.
– പ്രേക്ഷകരുടെ ലൊക്കേഷൻ: മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് യുഎസ് അല്ലെങ്കിൽ യുകെ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചക്കാർ കൂടുതൽ പരസ്യ വരുമാനം ലഭിക്കാൻ കാരണമാണ്.
2. YouTube Premium ത്തിലൂടെ സമ്പാദിക്കുക
പരസ്യങ്ങൾ ഒഴിവാക്കാൻ YouTube പ്രീമിയം വരിക്കാർ പ്രതിമാസം ഫീസ് അടയ്‌ക്കുന്നു. ഒരു കോൺടെന്റ് നിർമാതാവ് എന്ന നിലയിൽ, അവർ നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ ആ ഫീസിൻ്റെ ഒരു ഭാഗം നിങ്ങൾക്കും ലഭിക്കും. പ്രീമിയം ഉപയോക്താക്കൾക്കിടയിൽ നിങ്ങളുടെ കോൺടെന്റ് കൂടുതൽ ജനപ്രിയമായാൽ, പരസ്യങ്ങളെ ആശ്രയിക്കാതെ തന്നെ നിങ്ങൾക്ക് കൂടുതൽ പണം സമ്പാദിക്കാം.
3. ചാനൽ മെമ്പർഷിപ് പ്രോഗ്രാം തുടങ്ങുക
നിങ്ങൾക്ക് 30,000-ത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ടെങ്കിൽ, നിങ്ങളുടെ ചാനലിൽ മെമ്പർഷിപ് പ്രോഗ്രാം ഓഫർ ചെയ്യാം. അങ്ങിനെ നിങ്ങളുടെ ചാനലിൽ എസ്ക്ലൂസീവ് മെമ്പർഷിപ്പിന് പകരമായി പ്രതിമാസ ഫീസ് (ഒരു സബ്‌സ്‌ക്രിപ്‌ഷൻ പോലെ) നൽകാൻ ഈ ഫീച്ചർ നിങ്ങളുടെ ആരാധകരെ അനുവദിക്കുന്നു, അവർക്ക് താഴെ പറയുന്ന ഓഫറുകൾ നൽകാം.
– എക്സ്ക്ലൂസീവ് ബാഡ്ജുകൾ.
– പ്രത്യേക ഇമോജികൾ.
– അംഗങ്ങൾക്ക് മാത്രമുള്ള പോസ്റ്റുകൾ, വീഡിയോകൾ അല്ലെങ്കിൽ തത്സമയ സ്ട്രീമുകൾ.
നിങ്ങളുടെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ നിന്ന് തുടരെ വരുമാനം സൃഷ്ടിക്കാവുന്ന മികച്ച മാർഗമാണിത്.
4. സൂപ്പർ ചാറ്റുകളും സൂപ്പർ സ്റ്റിക്കറുകളും
തത്സമയ സ്ട്രീമുകൾ ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, YouTube-ൻ്റെ സൂപ്പർ ചാറ്റും സൂപ്പർ സ്റ്റിക്കറുകളും നിങ്ങളെ നേരിട്ട് പിന്തുണയ്‌ക്കുന്ന ഒരു രസകരമായ ഫീച്ചർ ആണ്. നിങ്ങളുടെ സ്ട്രീമുകൾക്കിടയിൽ ആരാധകർക്ക് അവരുടെ അഭിപ്രായങ്ങൾ ഹൈലൈറ്റ് ചെയ്യാനോ ആനിമേറ്റഡ് സ്റ്റിക്കറുകൾ വാങ്ങാനോ പണമടയ്ക്കാം, ഈ വരുമാനത്തിൻ്റെ ഒരു ഭാഗം നിങ്ങൾക്ക് ലഭിക്കും, മറ്റൊരു ഭാഗം യൂട്യൂബ് എടുക്കുന്നതാണ്.
5. മെർച്ചന്റിസ് വിൽപന
നിങ്ങൾക്ക് 10,000 സബ്‌സ്‌ക്രൈബർമാർ ആയിക്കഴിഞ്ഞാൽ, നിങ്ങളുടെ YouTube ചാനലിൽ നിന്ന് നേരിട്ട് ടി-ഷർട്ടുകൾ, മഗ്ഗുകൾ, തൊപ്പികൾ പോലുള്ള നിർദേശാനുസരണം നിർമിച്ച് വിൽക്കാനാകുന്ന Merch Shelf ഫീച്ചർ ഉപയോഗിക്കാം. Teespring പോലുള്ള സേവനങ്ങളുമായി യൂട്യൂബിന് പങ്കാളിത്തമുള്ളതുകൊണ്ട്, നിങ്ങളുടെ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതും ലിസ്റ്റുചെയ്യുന്നതും ഷിപ്പുചെയ്യുന്നതും എളുപ്പമാണ്.
6. സ്പോൺസർ ചെയ്ത കണ്ടെന്റുകൾ
നിങ്ങൾക്ക് മറ്റു ബ്രാൻഡുകളിൽ നിന്ന് അവരുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രൊമോട്ട് ചെയ്യുന്ന സ്പോൺസർഡ് വീഡിയോകൾ സൃഷ്ടിക്കുന്നതിന് പണം ലഭിക്കുന്നതാണ്. നിങ്ങൾ പ്രേക്ഷകരുമായി നന്നായി ഇടപഴകുന്ന ഒരു ചെറിയ ക്രിയേറ്റർ ആണെങ്കിൽ പോലും ഇതിനവസരം ലഭിക്കാം. ഇത്തരം അവസരങ്ങൾ കണ്ടെത്തുന്നതിന് നിങ്ങളുടെ ഇടയിലുള്ള ബ്രാൻഡുകളെ നേരിട്ട് ബന്ധപ്പെടുക. അല്ലെങ്കിൽ ഇൻഫ്ലുൻസർമാർക്ക് വേണ്ടിയുള്ള മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ ചേരുക.
നിർദേശം : നിങ്ങളുടെ പ്രേക്ഷകരോട് സുതാര്യതയും സത്യസന്തതയും പുലർത്തുക, വിശ്വാസം വളർത്തിയെടുക്കാൻ പണം സ്വീകരിച്ചുകൊണ്ടുള്ള സ്പോൺസർഷിപ്പുകൾ പ്രേക്ഷകരോട് എപ്പോഴും വെളിപ്പെടുത്തുക.
7. അഫിലിയേറ്റ് മാർക്കറ്റിംഗ്
YouTube-ൽ പണം സമ്പാദിക്കാനുള്ള മറ്റൊരു ജനപ്രിയ മാർഗമാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രൊമോട്ട് ചെയ്യുകയും നിങ്ങളുടെ വീഡിയോ വിവരണത്തിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തുകയും ചെയ്യുകയാണ് ഇതിന്റെ രീതി. കാഴ്ചക്കാർ ആ ലിങ്കുകളിൽ ക്ലിക്കുചെയ്‌ത് ഉത്പന്നങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ, നിങ്ങൾക്ക് ഒരു കമ്മീഷൻ ലഭിക്കും.
ഉദാഹരണത്തിന്, പല ടെക് നിരൂപകരും അവരുടെ വീഡിയോകളിൽ അവർ അവലോകനം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ആമസോൺ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെടുത്താറുണ്ട്. അഫിലിയേറ്റ് മാർക്കറ്റിംഗിലൂടെ സമ്പാദിക്കാൻ നിങ്ങൾക്ക് ഒരുപാട് ഫോളോവേഴ്‌സിന്റെ ആവശ്യമില്ല. നിങ്ങളുടെ ശുപാർശകളെ വിശ്വസിക്കുന്ന ഒരു കൂട്ടം പ്രേക്ഷകർ മാത്രം മതി.
8. പാട്രിയോണിലൂടെയോ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ഉള്ള ക്രൗഡ് ഫണ്ടിംഗ്
നിങ്ങളുടെ പ്രേക്ഷകർ നിങ്ങളുടെ കൊണ്ടെന്റിനെ വിലമതിക്കുന്നുവെങ്കിൽ, പ്രതിമാസ സംഭാവനയിലൂടെ നിങ്ങളെ പിന്തുണയ്ക്കാൻ അവർക്ക് കഴിയുന്നതാണ്. Patreon അല്ലെങ്കിൽ Buy Me a Coffee പോലുള്ള പ്ലാറ്റ്‌ഫോമുകൾ, ക്രിയേറ്റേഴ്സിനെ അവർക്ക് പണം നൽകുന്നവർക്ക് എക്‌സ്‌ക്ലൂസീവ് കൊണ്ടെൻടോ വീഡിയോകളിലേക്കുള്ള മുൻകൂർ ആക്‌സസോ മറ്റ് ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്യാൻ അനുവദിക്കുന്നു.
ഉദാഹരണം: നിങ്ങൾക്ക് behind-the-scene കണ്ടെന്റുകൾ, സ്വകാര്യ ചോദ്യോത്തര സെഷനുകൾ അല്ലെങ്കിൽ പ്രത്യേക വീഡിയോ ഷൗട്ട്ഔട്ടുകൾ എന്നിവ വാഗ്ദാനം ചെയ്യാം.
മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എങ്ങനെ പണം സമ്പാദിക്കാം?
യൂട്യൂബ് ഏറ്റവും ഉയർന്ന വരുമാന സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും മറ്റ് പ്ലാറ്റ്‌ഫോമുകളെയും അവഗണിക്കേണ്ടതില്ല. Instagram, TikTok, Facebook എന്നിവയിലും മറ്റും നിങ്ങൾക്ക് എങ്ങനെ പണം സമ്പാദിക്കാമെന്നു നോക്കാം.
1. ഇൻസ്റ്റാഗ്രാം
ഇൻഫ്ലുൻസർമാർക്കും കോൺടെന്റ് സ്രഷ്‌ടാക്കൾക്കുമുള്ള മികച്ച പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഇൻസ്റ്റാഗ്രാം. ഇതിൽ പണം സമ്പാദിക്കാനുള്ള വഴികൾ
അറിയാം:
– സ്പോൺസർ ചെയ്ത പോസ്റ്റുകൾ: നിങ്ങളുടെ പോസ്റ്റുകളിലോ റീലുകളിലോ സ്റ്റോറികളിലോ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രൊമോട്ട് ചെയ്യുന്നതിന് അവർ നിങ്ങൾക്ക് പണം നൽകിയേക്കാം.
– അഫിലിയേറ്റ് മാർക്കറ്റിംഗ്: YouTube-ലെ പോലെ, നിങ്ങളുടെ ബയോയിലോ അടിക്കുറിപ്പുകളിലോ നിങ്ങൾക്ക് അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്താം, വിൽപ്പനയിൽ നിന്ന് കമ്മീഷനുകൾ നേടാം.
– ഇൻസ്റ്റാഗ്രാം ഷോപ്പിംഗ്: യോഗ്യരായ അക്കൗണ്ടുകൾക്ക് അവരുടെ പോസ്റ്റുകളിൽ ഉൽപ്പന്നങ്ങൾ നേരിട്ട് ടാഗുചെയ്യാനാകും, ഇത് നിങ്ങളെ പിന്തുടരുന്നവരെ നിങ്ങളുടെ കൊണ്ടെന്റിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങാൻ അനുവദിക്കുന്നു.
– ഇൻസ്റ്റാഗ്രാം ബോണസുകൾ: വൈറൽ റീലുകൾ സൃഷ്ടിക്കുന്നതിന് ഇൻസ്റ്റാഗ്രാം ചിലപ്പോൾ ക്യാഷ് ബോണസുകൾ വാഗ്ദാനം ചെയ്യുന്നു.
2. ടിക് ടോക്ക്
TikTok ജനപ്രീതിയിൽ ഏറ്റവും മുൻപന്തിയിലുള്ള പ്ലാറ്റഫോം ആണ്, ഇവിടെ പണം സമ്പാദിക്കാൻ വിവിധ മാർഗങ്ങളുണ്ട് :
– TikTok ക്രിയേറ്റർ ഫണ്ട്: വീഡിയോ പ്രകടനത്തെ (കാഴ്ചകൾ, ലൈക്കുകൾ, ഷെയറുകൾ) അടിസ്ഥാനമാക്കി TikTok സ്രഷ്‌ടാക്കൾക്ക് നേരിട്ട് പണം നൽകുന്നു.
– ബ്രാൻഡ് സ്പോൺസർഷിപ്പുകൾ: Instagram പോലെ, ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങൾ ഫീച്ചർ ചെയ്യുന്ന കോൺടെന്റ് സൃഷ്ടിക്കുന്നതിന് നിങ്ങൾക്ക് പണം നൽകിയേക്കാം.
– തത്സമയ സമ്മാനങ്ങൾ: തത്സമയ സ്ട്രീമുകൾക്കിടയിൽ കാഴ്ചക്കാർക്ക് വെർച്വൽ സമ്മാനങ്ങൾ അയക്കാൻ കഴിയും, അത് നിങ്ങൾക്ക് കാഷ് ഔട്ട് ചെയ്യാം.
3. ഫേസ്ബുക്ക്
സ്രഷ്‌ടാക്കൾക്ക് പണം സമ്പാദിക്കാൻ Facebook നിരവധി മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് :
– പരസ്യ ഇടവേളകൾ: YouTube പരസ്യങ്ങൾക്ക് സമാനമായി, മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള യോഗ്യമായ വീഡിയോകളിൽ Facebook പരസ്യങ്ങൾ സ്ഥാപിക്കുന്നു.
– ഫാൻ സബ്‌സ്‌ക്രിപ്‌ഷനുകൾ: ഫോള്ളോവെഴ്സിന് എക്‌സ്‌ക്ലൂസീവ് കണ്ടെന്റുകൾ പ്രതിമാസ ഫീസിന് നൽകാം
– സ്റ്റാർസ് ഫീച്ചർ: തത്സമയ സ്ട്രീമുകളിൽ കാഴ്ചക്കാർക്ക് ടിപ്പുകൾ എന്ന നിലയിൽ സ്റ്റാർസ് വാങ്ങാനും അയക്കാനും കഴിയും.
4. ട്വിച്ച്
തത്സമയ സ്ട്രീമിംഗിന്, പ്രത്യേകിച്ച് ഗെയിമിംഗ് കൊണ്ടെന്റിന് ട്വിച്ച് ജനപ്രിയ പ്ലാറ്റുഫോം ആണ്, എന്നാൽ ഇത് മറ്റ് തരത്തിലുള്ള തത്സമയ ഷോകൾക്കും ഉപയോഗിക്കാം :
– സബ്‌സ്‌ക്രിപ്‌ഷനുകൾ: നിങ്ങളെ പിന്തുണയ്ക്കുന്നതിനായി കാഴ്ചക്കാർക്ക് പ്രതിമാസ ഫീസിന് നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യാനാകും.
– ബിറ്റുകൾ: സ്ട്രീം ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് ടിപ്പ് നൽകാൻ കാഴ്ചക്കാർക്ക് ബിറ്റുകൾ (വെർച്വൽ കറൻസി) വാങ്ങാം.
– സ്പോൺസർഷിപ്പുകൾ: നിങ്ങളുടെ ചാനൽ വളരുന്നതിനനുസരിച്ച്, സ്പോൺസർ ചെയ്യുന്ന തത്സമയ സ്ട്രീമുകൾക്ക് ബ്രാൻഡുകൾ നിങ്ങൾക്ക് പണം നൽകിയേക്കാം.
സോഷ്യൽ മീഡിയയിൽ നിങ്ങളുടെ വരുമാനമെങ്ങെനെ വർദ്ധിപ്പിക്കാം ?
വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സമ്പാദിക്കാനുള്ള വ്യത്യസ്ത വഴികൾ ഇപ്പോൾ നിങ്ങൾക്കറിയാം, എന്നാൽ ഇവയിലെല്ലാം വരുമാനം വർധിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില നിർദേശങ്ങൾ കൂടെ അറിയാം:
1. ഒരു പ്രത്യേക വിഷയം തിരഞ്ഞെടുക്കുക
ഗെയിമിംഗ്, സൗന്ദര്യം, സാങ്കേതികത, ഫിറ്റ്നസ്, അല്ലെങ്കിൽ വിദ്യാഭ്യാസം എന്നിവയിലേതുമാ കട്ടെ, ഒരു പ്രത്യേക വിഷയം തിരഞ്ഞെടുക്കുന്നത് അതിൽ താല്പര്യമുള്ള ഒരു പറ്റം പ്രേക്ഷകരെ ആകർഷിക്കാൻ നിങ്ങളെ സഹായിക്കുന്നു. വിശ്വസ്തരായ സ്ഥിരതയുള്ള പ്രേഷകരുണ്ടെങ്കിൽ, ബ്രാൻഡുകൾ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
2. സ്ഥിരത പുലർത്തുക
വിജയം ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. പുതിയ കണ്ടെന്റുകൾ പതിവായി അപ്‌ലോഡ് ചെയ്യുന്നത് നന്നായി ഇടപഴകുന്ന പ്രേക്ഷകരെ സൃഷ്ടിക്കാൻ ചെയ്യേണ്ടുന്ന പ്രധാന കാര്യമാണ്. YouTube-നായി, ആഴ്‌ചയിൽ ഒരു ഉയർന്ന നിലവാരമുള്ള വീഡിയോയെങ്കിലും അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കുക.
3. നിങ്ങളുടെ പ്രേക്ഷകരുമായി ഇടപഴകുക
നിങ്ങളുടെ കാഴ്ചക്കാരുമായി ബന്ധം സ്ഥാപിക്കുന്നതിന് അഭിപ്രായങ്ങൾക്ക് മറുപടി നൽകുക, ചോദ്യങ്ങൾ ചോദിക്കുക, തത്സമയ സെഷനുകൾ ഹോസ്റ്റ് ചെയ്യുക. അവർക്ക് നിങ്ങളോട് കൂടുതൽ ബന്ധമുണ്ടെന്ന് തോന്നുമ്പോൾ, സംഭാവനകളിലൂടെയോ അംഗത്വങ്ങളിലൂടെയോ മെർച്ചന്റിസ് വാങ്ങുന്നതിലൂടെയോ നിങ്ങളുടെ ശ്രമങ്ങളെ അവർ പിന്തുണയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
4. നിങ്ങളുടെ വരുമാന സ്ട്രീമുകൾ വൈവിധ്യവൽക്കരിക്കുക
ഒരു വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിക്കരുത്. സ്ഥിരമായ വരുമാന സ്ട്രീം സൃഷ്‌ടിക്കുന്നതിന് പരസ്യ വരുമാനം, സ്‌പോൺസർഷിപ്പുകൾ, അഫിലിയേറ്റ് മാർക്കറ്റിംഗ്, മെർച്ചന്റിസ്, ആരാധക സംഭാവനകൾ എന്നിവ സംയോജിപ്പിക്കുക.
സോഷ്യൽ മീഡിയയുടെ വരുമാന സാദ്ധ്യതകൾ അൺലോക്ക് ചെയ്യാം
സമയം ചെലവഴിച്ചു പരിശ്രമിക്കാൻ തയ്യാറുള്ള ആർക്കും സോഷ്യൽ മീഡിയയിൽ നിന്ന് പണം സമ്പാദിക്കാം. YouTube-ലെ വീഡിയോകളിലൂടെ നിങ്ങളുടെ അഭിനിവേശം പങ്കിടുകയാണെങ്കിലും, ഇൻസ്റ്റാഗ്രാമിൽ ദിവസേന പോസ്റ്റുചെയ്യുകയാണെങ്കിലും അല്ലെങ്കിൽ Twitch-ൽ തത്സമയ സ്ട്രീം ചെയ്യുകയാണെങ്കിലും, ഓരോ പ്ലാറ്റ്‌ഫോമും നിങ്ങളുടെ കോൺടെന്റ് പണമാക്കി മാറ്റാനുള്ള അതുല്യമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. കാലക്രമേണ സുസ്ഥിരമായ വരുമാന സ്ട്രീം കെട്ടിപ്പടുക്കുന്നതിന് ചെറുതായി ആരംഭിക്കുക, സ്ഥിരത പുലർത്തുക, നിങ്ങളുടെ വരുമാനം വൈവിധ്യവത്കരിക്കുക.
ഇവയെല്ലാം പാലിക്കുന്നതിലൂടെ, നിങ്ങളുടെ സോഷ്യൽ മീഡിയ സാന്നിധ്യം ലാഭകരമായ ഒരു സംരംഭമാക്കി മാറ്റിക്കൊണ്ട് യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിന്നും പണം സമ്പാദിക്കാം.