Author

admin

Browsing

ന്യൂഡൽഹി: വീണ്ടും കേരളം നമ്പര്‍ വണ്‍. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ(എസ്ഡിജി) സൂചികയിൽ കേരളം ഒന്നാംസ്ഥാനം നിലനിർത്തി. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നിൽ.

2023-24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020-21ല്‍ ഇത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു-കശ്മീർ, പുതുച്ചേരി, ആന്‍ഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.

79 സ്കോറോടെയാണ് ഉത്തരാഖണ്ഡും കേരളവും ഒന്നാംസ്ഥാനം നിലനിർത്തിയത്. തമിഴ്‌നാട് (78), ഗോവ (77) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ബിഹാർ (57), ജാർഖണ്ഡ് (62), നാഗാലാൻഡ് (63) എന്നിവയാണ് ഈ വർഷത്തെ സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ.

ചീക്കോട് : പഠനത്തിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട വിദ്യാർത്ഥികൾക്കുള്ള സർക്കാർ പദ്ധതിയായ വിജയ സ്പർശത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസ്ൽ പഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ് നിർവ്വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ, ഡയറ്റ് ലെക്ചറർ, എഇഒ, മനേജർ, എച്ച്എം, പിടിഎ പ്രസിഡന്റ്‌, സ്റ്റാഫ് സെക്രട്ടറി, പ്രോഗ്രാം കൺവീനർ എന്നിവർ സംസാരിച്ചു. വിദ്യാലയത്തിൽ 100 % വിജയം വരിക്കുന്നതിന്റെ പ്രധമ പടിയാണ് വിജയ സ്പർശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പത്തു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം , തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിപ്പ് നല്‍കിയിട്ടുള്ളത്.

നാളെ കോഴിക്കോടും കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ പരക്കെ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരങ്ങളില്‍ നിന്ന് ഇന്നു മുതല്‍ 16ാം തീയതി വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റ് ഉണ്ടാകും. നാളെ രാത്രിവരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

തേഞ്ഞിപ്പലം : ഡോ. പി രവീന്ദ്രന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ചുമതല. കാലിക്കറ്റ് സർവകലാശാലയിലെ കെമിസ്ട്രി വിഭാ​ഗം പ്രഫസറാണ് ഡോ പി രവീന്ദ്രൻ.

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ എം കെ ജയരാജിന്റെ ഔദ്യോ​ഗിക കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഡോ. പി രവീന്ദ്രന് പുതിയ ചുമതല നൽകിയിരിക്കുന്നത്. വി സിയുടെ താൽക്കാലിക ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. പുതിയ നിയമനം നടക്കുന്നത് വരെയാണ് അദ്ദേഹത്തിന് ചുമതല നൽകിയിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിൽ കൂടി താൽക്കാലിക വി സി വന്നതോടെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടേയും നിയന്ത്രണം താൽക്കാലിക വിസിമാരുടെ കൈയിലാകുകയാണ്.

മലപ്പുറം : മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ സ്നേഹ സമ്മാനമായി വളാഞ്ചേരി ജി.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര. കളക്ടറുടെ അതിഥികളായി വിദ്യാര്‍ഥികള്‍ മലപ്പുറം കളക്ടറേറ്റും കോട്ടക്കുന്നും സന്ദര്‍ശിച്ചു. കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഏർപ്പാടാക്കിയ എ.സി ബസ്സില്‍ പ്രധാനാധ്യാപകൻ പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ മലപ്പുറത്തെത്തിയത്. സ്നേഹപൂർവ്വം കുട്ടികളെ സ്വീകരിച്ച ജില്ലാ കളക്ടർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവരുമായി ഏറെ നേരം സംവദിച്ചു. കളക്ടർ കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു.

വളാഞ്ചേരി ജി.എം.എൽ.പി സ്കൂൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കുട്ടികൾ കുറവുള്ള അൺ ഇക്കണോമിക് സ്കൂൾ ആയിരുന്നതും കഠിന പ്രവർത്തനത്തിലൂടെ ഈ വർഷം അറുപതിൽ അധികം കുട്ടികൾ പഠിക്കുന്ന ഇക്കണോമിക് സ്കൂൾ ആയിമാറിയ കാര്യവും കുട്ടികളും അധ്യാപകരും കളക്ടറെ ധരിപ്പിച്ചു. മലപ്പുറം ജില്ലയിൽ തന്നെ ‘ മക്കൾക്കൊരു വിഭവം ‘ എന്ന പേരിൽ ഉച്ചഭക്ഷണത്തിനൊപ്പം എന്നും അധിക വിഭവങ്ങൾ നൽകുന്ന പദ്ധതി യാതൊരു മുടക്കവുമില്ലാതെ മുന്നോട്ടു പോവുന്ന സന്തോഷവും കുട്ടികൾ പങ്കുവെച്ചു. ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ‘നെല്ലിക്ക’ എന്ന ബോധവത്ക്കരണ പദ്ധതിയെ അനുസ്മരിച്ച് കുട്ടികൾ കളക്ടർക്ക് നെല്ലിമരം സമ്മാനിച്ചു. ഒപ്പം ഒരു തേന്മാവിൻ തൈയും കുട്ടികള്‍ സമ്മാനിച്ചു.
തുടർന്ന് കോട്ടക്കുന്ന് ലളിത കലാ ആർട്ട്‌ ഗാലറിയിൽ നാടൻ പാട്ട് കലാകാരൻ തവനൂർ മണികണ്ഠൻ അവതരിപ്പിച്ച നാടൻ പാട്ടുകൾ കുട്ടികൾ ആസ്വദിച്ചു. ഡി.ടി.പി.സി അമ്യൂസ്മെന്റ് പാർക്കിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിരുന്നു.

അരീക്കോട് : മാലിന്യ മുക്തം അരീക്കോട് ഗ്രാമ പഞ്ചായത്ത്‌ എന്ന ലക്ഷ്യത്തോടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കള മാലിന്യം ജൈവ കമ്പോസ്റ്റ് വളം ആക്കി മാറ്റുന്ന ജപ്പാൻ ടെക്നോളജിയോട് കൂടിയ ബൊക്കാഷി ബക്കറ്റ്‌ കമ്പോസ്റ്റിംഗ് യൂണിറ്റ് വിതരണം അരീക്കോട് പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പ്രസിഡന്റ് നൗഷർ കല്ലട ഉദ്ഘാടനം ചെയ്തു. ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ്‌ (നാണി) അദ്ധ്യക്ഷനായ ചടങ്ങിൽ ക്ഷേമകാര്യം സ്ഥിരം സമിതി ചെയർപേഴ്സൺ സുലൈഖ വൈ പി, വാർഡ് മെമ്പർ അഷ്‌റഫ്‌ സി കെ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ മീനാക്ഷി, സജിത് കുമാർ, എന്നിവരും പദ്ധതിയുടെ ഗുണഭോക്താക്കളും പങ്കെടുത്തു.

ആദ്യ ഘട്ടം എന്ന നിലയിൽ 124 വീടുകളിൽ ആണ് കമ്പോസ്റ്റിംഗ് യൂണിറ്റ് ആയ ബൊക്കാഷി ബക്കറ്റ്‌ വിതരണം ചെയ്തത്. ഈ സാമ്പത്തിക വർഷം തന്നെ വിവിധ ഘട്ടങ്ങളിലായി ബൊക്കാഷി ബക്കറ്റ്, റിംഗ് കമ്പോസ്റ്റ്, തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗാർഹിക കമ്പോസ്റ്റ് പിറ്റ് എന്നിവ നൽകി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളും ജൈവ മാലിന്യ മുക്തമാക്കുകയാണ് പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്.

തിരൂർ: പാസഞ്ചർ ഓട്ടോറിക്ഷകളിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തിരൂർ കമ്പോളത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളിൽ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അനധികൃതമായി കൊണ്ടുപോകുന്നത് കാരണം അവിടെയുള്ള ഗുഡ്സ് വാഹനങ്ങൾക്ക് ഓട്ടം ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം എൻഫോഴ്സ്മെന്റ് പൊന്നാനി തിരൂർ സ്‌ക്വാഡുകൾ സംയുക്തമായി പരിശോധന നടത്തി. പാസഞ്ചർ ഓട്ടോയിൽ ചരക്ക്‌ സാധനങ്ങൾ കൊണ്ടുപോയ 12ഓളം ഓട്ടോറിക്ഷകൾക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു . കൂടാതെ സ്വകാര്യ വാഹനത്തിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോയ മൂന്നു വാഹന ഉടമകൾക്കെതിരെയും ഫിറ്റ്നസ് ഇല്ലാത്തതും റോഡ് ടാക്സ് അടക്കാത്തതുമായ ആറു ചരക്കു വാഹന ഉടമകൾക്കെതിരെയും കേസെടുത്ത് പിഴ ഈടാക്കി.

തിരൂർ ബസ് സ്റ്റാൻഡിൽ നടത്തിയ വാഹന പരിശോധനയിൽ തിരൂർ ചെമ്മാട് റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യബസിനെതിരെ കേസെടുത്തു. സർവീസ് നിറുത്തിവയ്പ്പിച്ചു. ഇത്തരത്തിൽ 30ഓളം വാഹനങ്ങൾക്കെതിരെ കേസെടുത്തു. 52,500 രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകി. മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ വൈ.ജയചന്ദ്രൻ, അയ്യപ്പദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ എം.സലീഷ് , വി.രാജേഷ് , പി.അജീഷ് എന്നിവർ പങ്കെടുത്തു.

കാവനൂർ: കാവനൂർ ഗ്രാമപഞ്ചായത്ത് ഭരണം മുസ്ലിം ലീഗിന് നഷ്ടമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുസ്ലിം ലീഗ് നേതാവ് പി വി ഉസ്മാനെതിരെ സിപിഐഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം ലീഗിന് നഷ്ടമായത്. ലീഗിന് 9 മെമ്പർമാരും കോൺഗ്രസിനും സിപിഎമ്മിനും യഥാക്രമം 7 3 എന്നിങ്ങനെ മെമ്പർമാരും ആണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. അവിശ്വാസപ്രമേയം 9 നെതിരെ 10 അംഗങ്ങളുടെ പിന്തുണയോടെ പാസാവുകയായിരുന്നു.

നേരത്തെ ഗ്രാമപഞ്ചായത്ത് പരിധിയിലെ മാലിന്യം ശേഖരിക്കുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും കോൺഗ്രസ്സും അഭിപ്രായ ഭിന്നതയിൽ എത്തിയിരുന്നു. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം കോൺഗ്രസ് രാജിവെച്ച് പ്രതിഷേധം അറിയിച്ചു. ഇതിനെ തുടർന്നുണ്ടായ വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് കോൺഗ്രസ് പിന്തുണ നൽകുകയും വിജയിക്കുകയും ചെയ്തിരുന്നു. നിലവിൽ സ്ഥാനഭ്രഷ്ടനായി മുസ്ലിം ലീഗ് നേതാവ് പി വി ഉസ്മാൻ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചതോടെ കോൺഗ്രസ് നേതൃത്വത്തിൽ ഇടതുപക്ഷ പിന്തുണയോടെ പഞ്ചായത്തിൽ പുതിയ ഭരണസമിതി നിലവിൽ വരും.

വയനാട് ലോക്സഭാ മണ്ഡലം പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നണി സമവാക്യങ്ങളിൽ പ്രാദേശികമായി ഉണ്ടാകുന്ന ഭിന്നിപ്പുകൾ നേതാക്കൾക്ക് വിനയാകും. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകുന്ന മണ്ഡലത്തിലെ പ്രതിസന്ധികൾ നേതാക്കൾ എങ്ങനെ നേരിടും എന്നതാണ് ഇനി പ്രാദേശിക രാഷ്ട്രീയം ഉറ്റു നോക്കുന്നത്.

ഊർങ്ങാട്ടിരി : മൈത്ര കൂടത്തിങ്കൽ താമസിക്കും കരിമ്പന മുഹമ്മദ്‌ കുട്ടികാക്ക ( 71 വയസ്സ് ) മരണപ്പെട്ടു. അരീക്കോട് കണ്ണഞ്ചേരി ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു. മയ്യത്ത് നിസ്കാരം നാളെ (12/07/24) രാവിലെ 11 മണിക്ക് മൈത്ര ജുമാഅത്ത് പള്ളിയിൽ.

തിരുവനന്തപുരം: സംസ്ഥാന​ത്തെ ജില്ലകളുടെ എണ്ണം പതിനഞ്ചാകുന്നു. തെക്കൻ കേരളത്തിൽ പുതിയ ജില്ല വേണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി സമർപ്പിച്ചിരുന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമാണ് സംഘടന ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകൾ അടങ്ങിയ ഭീമഹരജിയും സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്. അവി​ടെ മാറ്റമുണ്ടാക്കുവാൻ ജില്ലാ രൂപീകരണം കൊണ്ടേ സാദ്ധ്യമാവുകയുള്ളുവെന്നും ഹർജിക്കാർ പറഞ്ഞു.