എടവണ്ണ: വോട്ടർമാർക്ക് നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. മണ്ഡലത്തിൽ ഉൾപ്പെട്ട എടവണ്ണയിലെത്തിയ രാഹുൽ ​ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. റോഡ് ഷോ ആയി എത്തിയശേഷം രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുസ്ലീം ലീഗിന്റെയും എംഎസ്എഫിന്റെയും ഉൾപ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്.

എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ രാഹുല്‍ കല്പറ്റയില്‍ എത്തിച്ചേരും. കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പ്രിയങ്കാഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.

പ്രിയങ്ക ​ഗാന്ധിയുമെത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും രാഹുൽ ഒറ്റയ്ക്കാണ് എത്തിയത്. വയനാട്ടില്‍ത്തന്നെ എംപിയായി തുടരുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. റായ്ബറേലിയില്‍ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുല്‍ഗാന്ധി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

വയനാട് നിലനിര്‍ത്തണമെന്ന പൊതുവികാരം ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കാഗാന്ധിയെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ എന്താകും സംഭവിക്കുകയെന്നതില്‍ അവ്യക്തത തുടരുകയാണ്.

Author

Comments are closed.